കൊരട്ടി: സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാത്ത നാലു കുടുംബങ്ങൾക്കുകൂടി ഇനി സ്വൈര്യമായി അന്തിയുറങ്ങാം. നിരാശ്രയ കുടുംബങ്ങൾക്ക് ഭവനമൊരുക്കുന്നതിനായി വെസ്റ്റ് കൊരട്ടി സ്വദേശിയും പ്രവാസിയുമായ അഡ്വ. സുരേഷ് വേണുക്കുട്ടനും കുടുംബവും സൗജന്യമായി നൽകിയ 24 സെന്റ് സ്ഥലത്ത് കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച ഭവനസമുച്ചയത്തിന്റെ അവസാനഘട്ടവും പൂർത്തിയായി.
13 കുടുംബങ്ങൾക്കായി വിഭാവനംചെയ്ത ഭവനപദ്ധതി മൂന്നു ഘട്ടങ്ങളിലായാണ് നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ നിർമിച്ച ആറു ഫ്ലാറ്റുകളും രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയ മൂന്നു ഫ്ലാറ്റുകളും നേരത്തെ ഗുണഭോക്താക്കൾക്ക് കൈമാറി. അവസാനഘട്ടത്തിൽ നിർമിച്ച നാലു ഫ്ലാറ്റുകളുടെ താക്കോൽദാനവും കനിവ് ഓഫീസിന്റെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി ഒ.ജെ. ജെനിഷ് നിർവഹിക്കും. എംപിമാരായ ബെന്നി ബഹനാനും കെ. രാധാകൃഷ്ണനും നർത്തകൻ ആർഎൽവി രാമകൃഷ്ണനും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും.
വെസ്റ്റ് കൊരട്ടി കേന്ദ്രീകരിച്ച് കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചുവരുന്ന കനിവ് ചാരിറ്റബിൾ സൊസൈറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. ഫ്ലാറ്റുകളിലേക്കുള്ള വഴിയുടെ നവീകരണത്തിനായി മുൻ എംഎൽഎ വി.ആർ. സുനിൽകുമാർ അഞ്ചുലക്ഷം രൂപ ചെലവഴിച്ചിരുന്നു.